ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. നരേന്ദ്ര മോദി പങ്കെടുത്ത മദ്രാസ് ഐഐടിയിലെ ചടങ്ങിൽ വന്ദേമാതരത്തിന് പകരം ദേശീയ ഗാനം ആലപിച്ചാണ് ആരംഭിച്ചത്. അതിന് പിന്നാലെ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തും ആലപിച്ചു. തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേകറും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ചെന്നൈയിലെ ഐഐടി മദ്രാസ് ക്യാമ്പസിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ തമിഴ്‌നാട്ടിലുടനീളം നടപ്പിലാക്കുന്ന 13,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യ വികസനം, ഊർജ സംഭരണം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. മെട്രോ റെയിൽ, ദേശീയപാത, റെയിൽവേ, തുറമുഖം, പെട്രോളിയം, ശാസ്ത്ര ഗവേഷണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും ചേർന്ന് ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയുടെ ആദ്യ പാതയായ പൂനമല്ലി–വടപളനി പാത ഉദ്ഘാടനം ചെയ്തിരുന്നു.




























