ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍. ഒരാള്‍ എവിടെ ജനിച്ചെന്നതും എവിടെ ജീവിച്ചു എന്നതുമാണ് പൗരത്വത്തിന് അടിസ്ഥാനമാക്കേണ്ടത്. സുപ്രീംകോടതി ഈ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ നിയമം ഭരണഘടനാവ്യവസ്ഥയെ ലംഘിക്കുന്നതാണ്. മതപരമായ വ്യത്യാസങ്ങളല്ല പൗരത്വത്തിന് അടിസ്ഥാനം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രാജ്യത്തിന് പുറത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കള്‍ സഹാനുഭൂതി അര്‍ഹിക്കുന്നതായും അവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് കാരണം സര്‍വകലാശാല അധികൃതരുടെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരെ തടയാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതും പോലീസുമായുള്ള ആശയവിനിമയത്തില്‍ സംഭവിച്ച കാലതാമസവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അമര്‍ത്യസെന്‍ പറഞ്ഞു.