തിരുവനന്തപുരം: ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഫലത്തിൽ ഹർത്താലായി മാറിയതോടെ സംസ്ഥാനത്തിനുണ്ടായ ഉത്പാദന നഷ്ടം ചുരുങ്ങിയത് 2,000 കോടി രൂപ. കേരളത്തിലെ വ്യാപാര, വ്യവസായ, സേവന മേഖലകളെ പൂർണമായും പണിമുടക്ക് തളർത്തി. സംസ്ഥാനത്ത് ഇന്നലെ മിക്കയിടങ്ങളിലും ഫാക്ടറികളും കടകമ്പോളങ്ങളും സർക്കാർ ഓഫീസുകളും നിശ്ചലമായി. വാഹന ഗതാഗതവും നിലച്ചു. റെയിൽവേയുടെ വരുമാനവും ഇടിഞ്ഞു. തലസ്ഥാന നഗരിയിൽ ചാലക്കമ്പോളവും കൊച്ചിയിൽ പ്രത്യേക സാമ്പത്തിക മേഖലയും (സെസ്) അടഞ്ഞു കിടന്നു. സംസ്ഥാന ജി.ഡി.പിയുടെ പ്രധാനപങ്കും വരുന്ന സെക്കൻഡറി, ടെറിഷ്യറി മേഖലകളെ പൂർണമായും പണിമുടക്ക് ബാധിച്ചതിനാൽ ചുരുങ്ങിയത് രണ്ടായിരം കോടി രൂപയുടെയെങ്കിലും സാമ്പത്തിക നഷ്ടം സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. 8.75 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജി.ഡി.പി.
സംസ്ഥാനത്തൊട്ടാകെ കടകളടഞ്ഞു കിടന്നതുമൂലം ആയിരം കോടി രൂപയുടെതെങ്കിലും വ്യാപാര നഷ്ടം ഉണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. ഐ.ടി മേഖലയിലെ പല സ്ഥാപനങ്ങളും പ്രവർത്തിച്ചെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിക്കും പണിമുടക്ക് തിരിച്ചടിയായി. പണിമുടക്ക് മൂലം റോഡിലിറക്കാൻ കഴിയാത്തതിനാൽ ടാക്സി, ഓട്ടോ, ജീപ്പ്, സ്വകാര്യ വാനുകൾ, ലോറികൾ എന്നിവയെ ആശ്രയിച്ച് ജോലിചെയ്യുന്നവർക്കും വരുമാനനഷ്ടമുണ്ടായി. നിർമ്മാണ മേഖലയും പൂർണമായും നിശ്ചലമായി.
ബിവറേജസ് കോർപ്പറേഷന് 30 കോടി രൂപയുടെ വ്യാപാര നഷ്ടമാണുണ്ടായത്. 500ലധികം വരുന്ന ബാറുകളിലായി 50 കോടിയിലധികം രൂപയുടെ നഷ്ടം വേറെ. തിയേറ്ററുകളും മൾട്ടിപ്ളക്സുകളും അടച്ചിട്ടതുമൂലം അവരുടെ വരുമാനത്തിലും വിനോദ നികുതിയിലും ഇടിവുണ്ടായി. ടൂറിസം മേഖലയെ ഒഴിവാക്കിയെന്ന പ്രഖ്യാപനമുണ്ടായെങ്കിലും അതുകൊണ്ട് കാര്യമായ ഫലമുണ്ടായില്ല. പണിമുടക്ക് കൊണ്ട് ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അത് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് മാത്രം. യാത്രാ അസൗകര്യം മൂലം ജോലിക്ക് വരാൻ കഴിഞ്ഞില്ലെന്നും കാഷ്വൽ ലീവ് അനുവദിക്കണമെന്നും അപേക്ഷിച്ചാൽ എല്ലാവർക്കും പണിമുടക്ക് ദിവസത്തെ വേതനം കിട്ടും. അതേസമയം താത്കാലിക ജീവനക്കാർക്ക് ഈ ആനുകൂല്യം കിട്ടില്ല. കൊച്ചിയിൽ നിക്ഷേപക സംഗമത്തിന് മുന്നോടിയായി നടന്ന പണിമുടക്ക് കേരളത്തിലേക്ക് നിക്ഷേപം നടത്താൻ ആലോചിച്ചെത്തുവന്നവരെയും പിന്തിരിപ്പിക്കുമെന്ന ആശങ്കയുമുണ്ട്.