പോത്തന്‍കോട് : കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കരാറുകാരനും നിര്‍മ്മാണത്തൊഴിലാളികള്‍ക്കും മര്‍ദ്ദനമേറററതായി പരാതി. പോത്തന്‍കോട് നന്നാട്ടുകാവ് കടുവാക്കുഴിയില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത പോത്തന്‍കോട് പോലീസ് രണ്ട് ലോഡിംഗ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിക്കായി പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ബെയിസ്‌മെന്റിനായുള്ള ബെല്‍റ്റ് കോണ്‍ക്രീറ്റ് നടക്കുന്നിടത്തായിരുന്നു സംഘര്‍ഷം.
കമ്പികെട്ടി കോണ്‍ക്രീറ്റ് ചെയ്യാനായി കരാറെടുത്തിരിക്കുന്ന മണികണ്ഠന്‍, നിര്‍മ്മാണാവശ്യത്തിനുള്ള വാര്‍ക്ക കമ്പികള്‍ കഴിഞ്ഞ ദിവസം ഇവിടെ ഇറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇന്നലെ കോണ്‍ക്രീറ്റ് ജോലികള്‍ തുടങ്ങുന്നതിനിടെ യൂണിയന്‍ തൊഴിലാളികള്‍ സ്ഥലത്തെത്തി 10,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. കരാറുകാരന്‍ തുക നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ ട്രേഡ് യൂണിയനുകളില്‍പ്പെട്ട പതിനഞ്ചോളം തൊഴിലാളികളാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരിക്കേറ്റ മൂന്ന് നിര്‍മ്മാണ തൊഴിലാളികളെയും മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.