തിരുവനന്തപുരം : വ്യാഴാഴ്ച മുതൽ തദ്ദേശ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാം. കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. നാമനിർദേശ പത്രിക സ്വീകരിക്കാനായി വരണാധികാരികൾ വലിപ്പവും വായു സഞ്ചാരവുമുള്ള മുറികൾ ഏർപ്പെടുത്തും.
നാമനിർദേശ പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി, നിർദേശിക്കുന്നയാൾ ഉൾപ്പെടെ മൂന്നു പേർക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. കൈകഴുകി, സാനിറ്റെസർ ഉപയോഗിച്ച ശേഷമേ ഹാളിൽ പ്രവേശിക്കാവൂ. മാസ്ക് നിർബന്ധമാണ്. സാമൂഹിക അകലം പാലിച്ചു വേണം പത്രിക ഉദ്യോഗസ്ഥർക്ക് കൈമാറാൻ. ആവശ്യമെങ്കിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പണത്തിന് നേരത്തെ നിശ്ചിതമായ സമയം ബുക്ക് ചെയ്യാം. തിരക്ക് ഒഴിവാക്കാനാണിത്.
ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഒന്നിലധികം പേർ എത്തിയാൽ, അവർക്ക് കാത്തിരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും. മാസ്ക്, കൈയ്യുറ, മുഖത്ത് ഷീൽഡ് എന്നിവ ഉപയോഗിച്ചു കൊണ്ടുമാത്രമേ ഉദ്യോഗസ്ഥർ പത്രിക സ്വീകരിക്കാവൂ. പത്രിക കൈമാറിയ ശേഷവും സാനിറ്റെസർ ഉപയോഗിക്കണം. നാമനിർദേശ പത്രികാ സമർപ്പണത്തിന് സ്ഥാനാർഥി വരുന്ന വാഹനം മാത്രമേ പാടുള്ളൂ. ജാഥ, ആൾക്കൂട്ടം, വാഹനവ്യൂഹം ഇവ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവരും ക്വാറന്റീനിൽ കഴിയുന്ന്വവരും പ്രത്യേകമായി സമയം ചോദിച്ചശേഷമേ നാമനിർദേശ പത്രിക നൽകാനെത്താവൂ. ഇവരുടെ പത്രിക സ്വീകരിക്കാൻ പ്രത്യേക ക്രമീകരണം വേണം.