പന്തളം : നിരപരാധികളെ വേട്ടയാടുന്ന ഉത്തരേന്ത്യൻ മോഡൽ ആക്രമണത്തിന് സമാനമായ ആക്രമണമാണ് പന്തളത്ത് ഗണേശോത്സവത്തിന്റെ മറവിൽ സംഘപരിവാർ നടത്തിയതെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. അക്രമികളെ പിടികൂടാൻ പോലീസ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പന്തളം മുനിസിപ്പൽ കമ്മിറ്റി പന്തളം ടൗണിൽ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രാത്രിയിലാണ് വയോധികക്കും കുടുംബത്തിനും നേരെ ആർഎസ്എസ് എബിവിപി ക്രിമിനലുകൾ ആക്രമണം അഴിച്ചുവിട്ടത്. ഗണേശോത്സവത്തിനിടെ പന്തളം മുട്ടാറിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വയോധികയെയും കുടുംബത്തെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയും വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ നീതീകരിക്കാനാവില്ല. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് തുടരുന്ന അലംഭാവം സംശയാസ്പദമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സംഘപരിവാർ ആക്രമിക്കൂട്ടങ്ങളെ നിലക്ക് നിർത്താൻ പോലീസ് തയ്യാറായില്ലെങ്കിൽ നാട്ടിൽ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ പന്തളം മുനിസിപ്പൽ പ്രസിഡന്റ് ഷൈജു ഉളമ അധ്യക്ഷത വഹിച്ചു. അടൂർ മണ്ഡലം പ്രസിഡന്റ് മുജീബ് ചേരിക്കൽ, മണ്ഡലം സെക്രട്ടറി താജുദ്ദീൻ, മുൻസിപ്പൽ സെക്രട്ടറി ഷബീർ, മറ്റ് മണ്ഡലം, മുൻസിപ്പൽ കമ്മിറ്റി നേതാക്കൾ പങ്കെടുത്തു. മുട്ടാറിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പന്തളം ടൗണിൽ സമാപിച്ചു.