മാഹി : തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാഹിയില്‍ നിന്ന് പുതുച്ചേരി മന്ത്രിസഭയില്‍ എത്തിയ ആദ്യ നേതാവാണ് വത്സരാജ്. പുതുച്ചേരി രാഷ്ട്രീയമായി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഇ. വത്സരാജ് മത്സരിക്കാനില്ലെന്ന നിലപാടെടുത്തത്. മാഹി മണ്ഡലത്തില്‍ ഏഴ് തവണ മത്സരിച്ചതില്‍ ആറ് തവണയും വിജയിച്ച വത്സരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കി അവരെ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഇ.വത്സരാജ് പറഞ്ഞു.
വിവിധ കാലങ്ങളിലായി നാല് തവണ മന്ത്രിയായിരുന്നു ഇ. വത്സരാജ്. 1990 മുതല്‍ 26 വര്‍ഷം മാഹി എംഎല്‍എയായിരുന്ന വത്സരാജ് 2016 ല്‍ ഇടത് സ്വതന്ത്രനായ ഡോ. വി. രാമചന്ദ്രനോടാണ് പരാജയപ്പെട്ടത്. എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനാല്‍ പുതുച്ചേരിയില്‍ അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് വരുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. വത്സരാജ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ മാഹിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. നിലവിലെ എംഎല്‍എ ഡോ. വി. രാമചന്ദ്രനും മാഹിയില്‍ ഇത്തവണ മത്സരിക്കാനിടയില്ല.