തൃശ്ശൂര്‍: തൃശ്ശൂരിലെ നഴ്സുമാരുടെ സമരത്തിന് മുന്നില്‍ വഴങ്ങി ആശുപത്രികള്‍. എലൈറ്റ് ആശുപത്രിയും ശമ്പള വര്‍ധനവിന് സമ്മതിച്ചതോടെയാണ് സമരം വിജയിച്ചത്. ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. 50% വേതനം ഇടക്കാല ആശ്വാസമായി നല്‍കുമെന്ന ഉറപ്പിന്മേല്‍ തൃശൂരിലെ നഴ്സസ് സമരം പിന്‍വലിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളും യുഎന്‍എയുടെ ഉപാധികള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കുന്നത്. ഭൂരിഭാഗം മാനേജുമെന്റുകളും ഇടക്കാലാശ്വാസമായി അമ്പത് ശതമാനം തുക നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്.
1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങളംഗീകരിച്ചത് യുഎന്‍എയുടെ വിജയമായി. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളില്‍ എട്ട് മാനെജ്‌മെന്റുകള്‍ സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ ആവശ്യം അംഗീകരിച്ച് രംഗത്ത് വന്നിരുന്നു.