ന്യൂഡല്‍ഹി : ഡല്‍ഹി എയിംസില്‍ നഴ്‌സസ് യൂണിയന്‍ ഇന്നുമുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ചു. നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്‌ളയുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തോട് അനുബന്ധിച്ച്,
ആശുപത്രിയിലെ മുഴുവന്‍ സര്‍വീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്‌സസ് യൂണിയന്‍ അറിയിച്ചു. ഹരീഷ് കജ്‌ളയെ ശരിയായ കാരണങ്ങളില്ലാതെ സസ്പെന്‍ഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനത്തിന് മറുപടിയായി യൂണിയന്‍ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്.
ഹരീഷ് കുമാര്‍ കജ്‌ളയുടെ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നും യൂണിയന്‍ എക്‌സിക്യൂട്ടീവുകള്‍ക്കും യൂണിയന്‍ അംഗങ്ങള്‍ക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഒരു കൂട്ടം നഴ്‌സുമാര്‍ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാറിന്റെ സസ്പെന്‍ഷന്‍.