തൃശൂര്‍ : അര്‍ജന്റിനയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഷിബു വിളമ്പിയത് ആയിരമല്ല, ആയിരത്തിയഞ്ഞൂറു ബിരിയാണി. മെസി കപ്പ് ഉയര്‍ത്തിയതിന്റെ സന്തോഷത്തില്‍ ഇതൊക്കെ എന്ത് എന്നാണ് ഷിബു പൊറത്തൂര്‍ പറയുന്നത്. കടുത്ത ഫുട്‌ബോള്‍ കമ്പക്കാരനും അതിലേറേ മെസ്സി ഫാനുമായ റോക്ക് ലാന്റ് ഹോട്ടലുടമ ഷിബു പൊറത്തൂര്‍ തന്റെ വാക്കുപാലിച്ചാണ് ലോകകപ്പ് ഹരം പങ്കുവച്ചത്.അര്‍ജന്റീന കപ്പെടുത്താല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി വിളമ്പുമെന്നായിരുന്നു പ്രഖ്യാപനം. പള്ളിമൂലയിലെ ഹോട്ടല്‍ റോക്ക്‌ലാന്റില്‍ രാവിലെ 11 മണിയോടെ ജനപ്രളയമായിരുന്നു. ആളു കൂടിയപ്പോള്‍ എണ്ണമൊന്നും നോക്കിയില്ല, ആയിരത്തിയഞ്ഞൂറിലേറെ പേര്‍ക്കു ബിരിയാണി നല്‍കി. കടുത്ത അര്‍ജന്റൈന്‍ ആരാധകനായ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.
അര്‍ജന്റീനന്‍ ജഴ്‌സിയണിഞ്ഞാണ് ഹോട്ടലിലുള്ളവര്‍ ബിരിയാണി വിളമ്പിയത്. തൊട്ടടുത്തുള്ള വിമലകോളജിലേയും എഞ്ചിനീയറിംഗ് കോളജിലേയും വിദ്യാര്‍ഥികള്‍ ഹോട്ടലിലേയ്ക്ക് ഒഴുകിയതോടെ റോഡ് നിറഞ്ഞു. നീണ്ട ക്യൂവാണ് ഹോട്ടലിനു മുന്നില്‍ രൂപപ്പെട്ടത്. ക്യൂവില്‍ നില്‍ക്കുന്നവരുമായി ആഹ്ളാദം പങ്കുവച്ച എംഎല്‍എ ഹോട്ടലില്‍ ബിരിയാണി വിളമ്പുകയും ചെയ്താണ് മടങ്ങിയത്.