ഭുവനേശ്വര്‍: ഒഡീഷ വിജിലന്‍സ് ഡയറക്ടര്‍ ദേബാസിസ് പനിഗ്രഹി കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 1991 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പനഗ്രഹി.
ജൂണ്‍ ആദ്യവാരമാണ് 56കാരനായ പനിഗ്രഹിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം വീട്ടുനിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ ഘട്ടക്കിലെ ആദിത്യ അശ്വിനി കോവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
അവിടെവെച്ച് ആരോഗ്യനില വഷളായതോടെ ജൂണ്‍ എട്ടിന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിേലക്ക് വിമാനമാര്‍ഗം എത്തിച്ചു. അദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിക്കുകയും മറ്റു അസുഖങ്ങളുള്ളതിനാലും വിദഗ്ധ ചികിത്സക്കായാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. തുടര്‍ന്നായിരുന്നു അന്ത്യം. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പനഗ്രഹിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.