പത്തനംതിട്ട : 2024 ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് ചെയ്യുന്നതിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സി.പി.എം നീക്കം നടത്തുന്നതായി വിശ്വാസയോഗ്യമായ അറിവ് ലഭിച്ചിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള സ്ഥലത്തില്ലാത്തവരും പ്രവാസികളുമായ വോട്ടര്‍മാര്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുവാന്‍ കഴിയാത്തവര്‍ എന്നിവരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി സി.പി.എം ക്രിമിനലുകളെ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യുവാനുള്ള ഗൂഢാലോചന പത്തനംതിട്ടയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്നതായി സി.പി.എം കേന്ദ്രങ്ങളില്‍ നിന്നുതന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ക്കും ലോക്സഭാ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല.
ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകരും അനുഭാവികളുമായ ജില്ലയിലെ ബി.എല്‍.ഒ മാര്‍ അന്തിമ വോട്ടേഴ്സ് ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്. വീട്ടിലെ വോട്ടില്‍ പല സ്ഥലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും ജീവിച്ചിരിക്കുന്ന പലരെയും വെട്ടി മാറ്റിയിട്ടുണ്ടെന്ന് നിരവധി പരാതികള്‍ ലഭിച്ചത് വരണാധികാരിക്ക് കൈമാറിയിട്ടുള്ളതായും ഇത് സംബന്ധിച്ച് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് കള്ളവോട്ടിലൂടെ പിടിച്ചെടുത്ത സി.പി.എം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രവര്‍ത്തകരെ ഉപയോഗിച്ച് ബൂത്തുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ട് ചെയ്യുന്നതിനാണ് ശ്രമം നടത്തുന്നത്. ഇരട്ട വോട്ടുകള്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍ എന്നിവരുടെ വോട്ടേഴ്സ് ലിസ്റ്റിലെ പേരുവിവരം ശേഖരിച്ച് ബൂത്ത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ബി.എല്‍.എ മാര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവും സമാധാനപരവുമായി വോട്ടെടുപ്പ് നടക്കുന്നതിന് പ്രശ്നബാധിത ബുത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി നേതാക്കള്‍ പറഞ്ഞു.
എതിര് സ്ഥാനാര്‍ത്ഥികളുടെ നിരവധി തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ അക്കമിട്ട് ചൂണ്ടി കാട്ടിയിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥരായ തിരഞ്ഞെടുപ്പ് നിരീക്ഷകരും ജില്ലാ വരണാധികാരിയും നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രചരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗമാണ് ലോക്സഭാ മണ്ഡലത്തിലുടനീളം ഉണ്ടായിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ എത്ര കൃത്രിമം നടത്തിയാലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കഴിഞ്ഞ പ്രാവിശ്യം ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ടുകള്‍നേടി വിജയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മാധ്യമ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി ഭാരവാഹിളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജോണ്സണ് വിളവിനാല്‍, എബ്രഹാം മാത്യുപനച്ചമൂട്ടില് എന്നിവര്‍ പങ്കെടുത്തു.