ന്യൂഡല്‍ഹി : ഇലക്‌ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഓല. ഇന്ത്യയില്‍ ആദ്യമായി തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചതിനു പിന്നാലെ ഇലക്‌ട്രിക് കാര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഓല. രണ്ട് വര്‍ഷത്തിനുള്ളില്‍ കാര്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. കാറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.
പ്രോജക്റ്റുമായി അടുക്കുമ്പോൾ ഞാൻ വിശദാംശങ്ങൾ ചർച്ച ചെയ്യാമെന്നാണ് പ്രോജക്ടിനെക്കുറിച്ചുളള ചോദ്യത്തോട് ഭവിഷ് അഗർവാൾ പ്രതികരിച്ചത്. ഓലയുടെ ഇലക്ട്രിക് കാർ 2023 ഓടെ ആഗോള അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഓലയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ജനങ്ങളില്‍ നിന്നുണ്ടായത്. 499 രൂപകൊടുത്ത് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി നേരത്തെ തന്നെ ഒരുക്കിയിരുന്നു. ബുക്കിങ്ങ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകളായിരുന്നു സ്‌കൂട്ടര്‍ നേടിയത്. ഈ സ്വീകാര്യത മറ്റ് വാഹന നിര്‍മ്മാതാക്കളില്‍ ഏറെ ആശ്ചര്യം ഉണ്ടാക്കിയിരുന്നു.
ഇതിനോടകം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇരുചക്ര വാഹനവിപണിയില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണെന്ന് പറയേണ്ടി വരും. അധികം വൈകാതെ കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ പെട്രോള്‍, ഡീസല്‍ മോഡലുകളെ വൈദ്യുത ഭാവിയിലേക്ക് മാറ്റുകയാണ്. പരിസ്ഥിതിയോടുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയും ആന്തരിക ജ്വലന എഞ്ചിനുകള്‍ മൂലമുണ്ടാകുന്ന മലിനീകരണവുമാണ് ഈ നീക്കത്തിന് പ്രചോദനമായത്.