കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളിലും റെയില്‍വേ സ്‌റ്റേഷനിലും ഭക്ഷ്യ സുരക്ഷാവകുപ്പും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യശേഖരം പിടികൂടി. 80 കിലോഗ്രാം എരുന്തും 15 കിലോഗ്രാം ചൂരയുമാണ് പിടികൂടി നശിപ്പിച്ചത്. ലൈസന്‍സ് ഇല്ലാതെയും ശരിയായി പാക്ക് ചെയ്യാതെയും ഐസ് ഉപയോഗിക്കാതെയും ചാക്കില്‍ കെട്ടി കൊണ്ടുവന്ന എരുന്താണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സെല്‍ട്രല്‍ മാര്‍ക്കറ്റില്‍ വില്‍പനക്കായി എത്തിച്ച ചൂരയില്‍ 15 കിലോഗ്രാം കേടുവന്നതായി കണ്ടെത്തുകയായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിമുതല്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിയിലായത്. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്ന് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ 196 മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 125 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൂര, എരുന്ത്, കിളിമീന്‍, ചെമ്മീന്‍ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെടുത്തത്.