പത്തനംതിട്ട : ജനങ്ങള്‍ ജൈവ കൃഷിയിലേക്ക് മടങ്ങിവരണമെന്നും അതിനുള്ള പ്രോത്സാഹനമാണ് വിളവെടുപ്പ് മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (ബി.പി.കെ.പി) ഭാഗമായി ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓമല്ലൂര്‍ പഞ്ചായത്തിലെ ജൈവ പച്ചക്കറി കര്‍ഷകരും സഹോദരങ്ങളുമായ ആറ്റരികം സൂര്യഹൗസില്‍ മോഹനന്‍, വിജയന്‍ എന്നിവര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത പുരയിടത്തിലെ വിളവെടുപ്പാണ് നടത്തിയത്. കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുക എന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്‍ബലത്തോടെ നടന്നുകൊണ്ടിരിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ജൈവകൃഷി ലോകത്താകമാനം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
കാര്‍ഷിക മേഖലയ്ക്ക് എല്ലാവിധ സഹായവും ത്രിതല പഞ്ചായത്ത് ഒരുക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതം സാധ്യമാകണം. ഭക്ഷണസംസ്‌ക്കാരം തന്നെ മാറി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചു വന്നിരിക്കുകയാണ്. ഇന്നത്തെ തലമുറ പ്രകൃതിയില്‍ നിന്ന് അകന്നു നിന്നുള്ള ഭക്ഷണ രീതിയിലേക്ക് പോയിരിക്കുന്നു. കൃത്രിമ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുമാണ് എല്ലാവര്‍ക്കും പ്രിയം. യുവതലമുറ കൃഷിയിലേക്ക് കടന്നുവരണം. പൊതുജനങ്ങളുടെ കൃഷിയോടുള്ള മനോഭാവത്തെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ബ്ലോക്ക് അംഗം വി.ജി. ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാലി തോമസ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ കുമാര്‍, മിഥുന്‍, മിനി വര്‍ഗീസ്, സുജാത, വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ഓമല്ലൂര്‍ കൃഷി ഓഫീസര്‍ സി.എസ്. ചന്ദ്രലേഖ, ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ. വര്‍ഗീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ എബ്രഹാം, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.