തിരുവനന്തപുരം : കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രോഗികളെ പരിശോധന ഫലം നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയാല്‍ അത് നേരിടുന്നതിന് ആശുപത്രികളില്‍ തയ്യാറാക്കിയ സജ്ജീകരണങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് സര്‍വയലന്‍സ് നല്ല രീതിയില്‍ നടക്കുന്നുണ്ട്. എയര്‍പോട്ടില്‍ വച്ച് പരിശോധിക്കുന്നവരില്‍ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് കൊവിഡ് പോസിറ്റീവാകുന്നത്.
അതിനാല്‍ തന്നെ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ശക്തമാക്കും. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് വാക്സിന്റെ ക്ഷാമമില്ലെങ്കിലും പലരും വാക്സീനെടുക്കാന്‍ വരുന്നില്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. അലര്‍ജിയും മറ്റ് പല കാരണങ്ങളും പറഞ്ഞ് കുറേപേര്‍ വാക്സീനെടുക്കാതെ മാറി നില്‍ക്കുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടതാണ്. ക്രിസ്തുമസ്, ന്യൂ ഇയര്‍ വരുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.