ഡല്‍ഹി : ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും രോഗവ്യാപനം തടയാന്‍ വാര്‍ റൂമുകള്‍ സജീവമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വൈകീട്ട് ആരോഗ്യ സെക്രട്ടറി രാജേശ് ഭൂഷണ്‍ ഒപ്പിട്ട് നല്‍കിയ കത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്. അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലും ജില്ലകളിലും കര്‍ശന തയാറെടുപ്പുകള്‍ നടത്താനാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്‍റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജില്ലതലങ്ങളിലും തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയിലും ആയിരിക്കണം. ഇവിടങ്ങളില്‍ ഒമിക്രോണ്‍ വൈറസ് എത്തുന്നതിനു മുമ്പു തന്നെ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം. രാത്രി കര്‍ഫ്യൂ, വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം, ഓഫീസുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ പട്ടികയും കത്തിലുണ്ട്.