തിരുവനന്തപുരം: 2022ലെ ഓണം വിപണിയിലേക്ക് മല്ലിയും തുവരപ്പരിപ്പും വാങ്ങിയതില്‍ കണ്‍സ്യൂമര്‍ഫെഡിന് 72 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്. മാര്‍ക്കറ്റിലെ മൊത്തം വിലയേക്കാള്‍ കൂടിയ നിരക്കിലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണം സബ്‌സിഡി വില്പനക്കായി മല്ലിയും തുവരപ്പരിപ്പും വാങ്ങിയത്. ഈയിനത്തില്‍ ഏകദേശം 72 ലക്ഷത്തോളം രൂപയുടെ നഷ്ടം കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടായെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഏറ്റവും താഴ്ന്ന ക്വട്ടേഷന്‍ നല്‍കിയവരുമായി ചര്‍ച്ച നടത്തി പരമാവധി വിലകുറച്ച് വാങ്ങുവാന്‍ 2022 ആഗസ്റ്റ് അഞ്ചിന്ന് പര്‍ച്ചേസ് കമ്മിറ്റി കൂടിയെങ്കിലും മാര്‍ക്കറ്റിലെ മൊത്തവിലയുമായി മറ്റു വിലകള്‍ താരതമ്യം ചെയ്തതായി രേഖയില്ല. പഞ്ചസാര വാങ്ങിയതിലും മാര്‍ക്കറ്റിലെ മൊത്തവിലയേക്കാള്‍ നേരിയ വില വര്‍ധനവുണ്ട്.
ഭാവിയില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന പര്‍ച്ചേസുകളില്‍ മാര്‍ക്കറ്റിലെ മൊത്ത വിലയുമായി ബിഡേഴ്‌സിന്റെ വിലകള്‍ താരതമ്യം ചെയ്യണമെന്നും കുറഞ്ഞ വിലയില്‍ പര്‍ച്ചേസ് നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കി. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്ത സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ വിവിധയിടങ്ങളില്‍ നിന്ന് പരിശോധന വിഭാഗത്തിന് ലഭിച്ചു. ഓണം സബ്‌സിഡി വില്പനയുമായി ബന്ധപ്പെട്ട് ഗുണനിലവാര പരിശോധന നടത്തിയ എഫ്.ക്യു ലാബ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്. ഈ ഏജന്‍സിയുടെ യോഗ്യതയും അവര്‍ സമര്‍പ്പിച്ച ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും സംശയാസ്പദമാണ്. അതിനാല്‍ ഭാവിയില്‍ ഇത്തരം വിപണികള്‍ നടത്തുമ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാര പരിശോധന കൂടി ഉള്‍പ്പെടുത്തണമെന്ന് ധനകാര്യ പരിശോധന വിഭാഗം നിര്‍ദേശിച്ചു.