ചങ്ങനാശേരി: പി.ആര്.എസ് തുക ലഭിക്കാന്‍ കര്‍ഷകര്‍ എസ്.ബി.ഐയില്‍ കയറിയിറങ്ങുന്നു. പണയം വെച്ചും കടംവാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ടുള്ള കണ്‍സോര്‍ഷ്യത്തില്‍ ഉടമ്പടി വെച്ചിട്ടുള്ള ബാങ്കാണ് എസ്.ബി.ഐ എങ്കിലും നെല്ല് വിറ്റ് ഒന്നരമാസം പിന്നിട്ടശേഷവും ബാങ്കില്‍ നിന്നും പണം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കുട്ടനാട്ടില്‍ ഫെബ്രുവരി അവസാനത്തോടെയും അപ്പര്‍കുട്ടനാട്ടില്‍ മാര്‍ച്ച് ആദ്യദിനങ്ങളിലും നെല്ല് കൊയ്ത് സംഭരണം നടത്തുകയും പി.ആര്.എസ് കൈപ്പറ്റുകയും ചെയ്ത്ട്ടുള്ള കര്‍ഷകരാണ് എസ്.ബി.ഐയുടെ വിവിധ ശാഖകളില്‍ കയറിയിറങ്ങുന്നത്. മാര്‍ച്ച് നാലിന് ആഘോഷത്തോടെ കൊയ്ത്തുത്സവം നടത്തി ആറിന് മില്ലുകാര്‍ നെല്ലെടുത്ത് അതേ മാസം 13ന് പി.ആര്.എസ് എഴുതി വാങ്ങിയ വാഴപ്പള്ളി കൃഷിഭവന്റെ കീഴിലുള്ള ഈരത്ര ഇഞ്ചന്‍തുരുത്ത് പാടശേഖരത്തിലെ നെല്ലിന്റെ വില ഇതുവരേയും ലഭിച്ചില്ലെന്നതാണ് ഉദാഹരണമായി പറയാനുള്ളത്.
കര്‍ഷകരുടെ പി.ആര്.എസ് കൈപ്പറ്റാനും എസ്.ബി.ഐ അധികൃതര്‍ തയാറാകുന്നില്ല. മാര്‍ച്ച് 31 വരെയുള്ള നെല്ലുശേഖരണത്തിന്റെ അലോട്ട്മെന്റ് കോട്ടയം പാഡി ഓഫീസില്‍നിന്നു ബാങ്കുകള്‍ക്ക് അയച്ചിട്ടുണ്ടെന്നാണ് പാഡി അധികൃതര്‍ കര്‍ഷകര്‍ക്ക് നല്കുന്ന മറുപടി. സിവില്‍ സപൈസ് വകുപ്പില്‍നിന്നു അനുമതിപത്രം ലഭിച്ചിട്ടില്ലെന്നാണ് ബാങ്കിലെത്തുന്ന കര്‍ഷകരോട് എസ്.ബി.ഐ അധികൃതര്‍ വ്യക്തമാക്കുന്നത്. ഞങ്ങള്‍ നിസഹായരാണെന്നും സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് അനുമതി പത്രം ലഭിച്ചിട്ടില്ലെന്നുമാണ് കോട്ടയം, ആലപ്പുഴ ജില്ലകളിലെ എസ്ബിഐ റീജണല്‍ ഓഫീസുകളിലെത്തിയ നെല്‍ കർഷക സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് ലഭിച്ച മറുപടി. സിവില്‍ സപ്ലൈസ് അധികൃതരുടെ നിര്‍ദേശപ്രകാരം എസ്.ബി.ഐ ബാങ്കുകളില്‍ അക്കൗണ്ട് എടുത്ത കര്‍ഷകരാണ് നെല്ലിന്റെ വിലയ്ക്കായി കാത്തിരിപ്പുതുടരുന്നത്. കഴിഞ്ഞവര്‍ഷം കണ്‍സോര്‍ഷ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന 12 ബാങ്കുകളിലെ ഇടപാടുകള്‍ നിര്‍ത്തിയാണ് നിരവധി കര്‍ഷകര്‍ എസ്.ബി.ഐയിലും കാനറാബാങ്കിലും അക്കൗണ്ടുകള്‍ എടുത്തത്. പക്ഷെ കണ്‍സോര്‍ഷ്യത്തില്‍ ഏർപ്പെട്ടിരിക്കുന്ന കാനറാ ബാങ്കില്‍നിന്നു കൃത്യമായി പിആര്‍എസ് തുക ലഭിക്കുന്നുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കള്ളക്കളിക്കെതിരേ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.





























