മുംബൈ: മുംബൈ പാക് അധിനിവേശ കശ്മീര്‍ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ശക്തമായി പ്രതികരിച്ച ശിവസേന എം.പി സഞ്ജയ് റാവുത്തിന് വധഭീഷണി. കങ്കണയുടെ ആരാധകന്‍ എന്ന് വിശേഷിപ്പിച്ച് ഫോണിലൂടെ ഭീഷണി മുഴക്കിയ കൊല്‍ക്കത്ത ടോളിഗഞ്ച് സ്വദേശിയെ പോലീസ് പിടികൂടി.
പലാഷ് ബോസ് എന്ന യുവാവാണ് അറസ്റ്റിലായതെന്നും ഇയാളെ അലിപുര്‍ കോടതിയില്‍ റിമാന്‍ഡ് ചെയ്തതായും കൊല്‍ക്കത്ത പോലീസ് അറിയിച്ചു. കങ്കണക്കെതിരെ പ്രസ്താവന നടത്തിയാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇയാള്‍ ആവര്‍ത്തിച്ചിരുന്നു. മുംബൈ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
നടിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ച നടപടിക്കെതിരെ ആരാധകന്‍ പ്രതിഷേധവുണമായി രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ശിവസേന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, താരത്തോട് വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്നും തന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചുവെന്നും എം.പി സഞ്ജയ് റാവുത്ത് വ്യക്തമാക്കി. അനിധൃത നിര്‍മാണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബ്രിഹാന്‍ മുംബൈ കോര്പറേഷന് കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകര്‍ത്തതില്‍ സര്‍ക്കാറിന് പങ്കില്ല. നടിയ്ക്ക് സ്വസ്ഥമായി മുംബൈയില്‍ ജീവിക്കാമെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.