കൊല്ലം : പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ബിബിവി 154 എന്ന പേരിലുള്ള മൂക്കിൽ അടിക്കാവുന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണു നേസൽ വാക്സീനു പിന്നിൽ. ക്രിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ആശാവഹമായ റിപ്പോർട്ടുകളാണു പരീക്ഷണം പുരോഗമിക്കുന്നതിനിടെ പുറത്തു വരുന്നത്.
കൊറോണ വൈറസ് മൂക്കിലും തൊണ്ടയിലും പിടിമുറുക്കിയ ശേഷം മാത്രമാണു ശ്വാസകോശം അടക്കമുള്ള ഭാഗങ്ങളിലേക്കു വ്യാപിക്കുകയെന്നാണ് ആരോഗ്യവിദഗ്ധർ കണ്ടെത്തിയത്. വൈറസിനെ മൂക്കിലും തൊണ്ടയിലും വച്ചു തന്നെ നിർവീര്യമാക്കുകയോ അതിനെതിരെ പ്രതിരോധം തീർക്കുകയോ ആണ് നേസൽ വാക്സീൻ ചെയ്യുന്നത്. ഒരു തവണ ഉപയോഗിച്ചാൽ 14 ദിവസം വരെ പ്രയോജനം ലഭിക്കുമെന്നാണ് ആദ്യഘട്ട വിവരം. ഇത് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഭാഗത്തെ വൈറസ് ലോഡ് കുറയ്ക്കും. വൈറസ് ആദ്യം മൂക്കിലെ അറയിൽ ഉറച്ചുനിൽക്കുകയും പിന്നീട് ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ശ്വാസകോശത്തെ ഏറ്റവും ബാധിക്കുകയും ചെയ്യുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനെ പ്രതിരോധിക്കുകയാണു വാക്സീൻ ചെയ്യുക. ഇന്ത്യയെക്കൂടാതെ യുകെ, യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങൾ നേസൽ വാക്സീൻ പരീക്ഷണങ്ങൾ തുടരുന്നുണ്ട്.
നിലവിലെ വാക്സീനുകൾ ഒരു സിറിഞ്ച് ഉപയോഗിച്ചാണ് നൽകുന്നത്, ഇന്ത്യയെപ്പോലെ ജനസംഖ്യ ഏറെയായ രാജ്യത്തിന് മുഴുവൻ ജനത്തെയും ഇത്തരത്തിൽ വാക്സീൻ കുത്തിവയ്ക്കാൻ കുറഞ്ഞത് 260 കോടി സിറിഞ്ച് ആവശ്യമാണ്. ഇതിനായി ഉണ്ടാകുന്ന ചെലവു കണക്കാക്കുമ്പോൾ നേസൽ വാക്സീൻ നൽകുന്ന ഗുണഫലം അത്രയേറെ വലുതാണ്. കൂടാതെ ഇൻട്രനേസൽ വാക്സീൻ ഒരൊറ്റ ഡോസ് മരുന്നാണ്, മറ്റ് വാക്സീനുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങളും കുറവാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭാരത് ബയോടെക് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ഒരു ഇൻട്രനേസൽ വാക്‌സീനായി കരാർ ഒപ്പിട്ടിരുന്നു. വാക്സീൻ കാൻഡിഡേറ്റ് ബിബിവി 154 ന്റെ പ്രീ-ക്ലിനിക്കൽ ട്രയൽ ഇതിനകം ആരംഭിച്ചു. എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാൽ ക്ലിനിക്കൽ ട്രയൽ ജൂൺ മാസത്തോടെ പൂർത്തിയാകും, ഓഗസ്റ്റിൽ ഇത് വിപണിയിൽ ലഭ്യമാകും.
നമ്മിലേക്കു കോവിഡ് പകരില്ലെന്നു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരിലേക്കു രോഗം പകരാതിരിക്കാനും നേസൽ സ്പ്രേ സഹായിക്കും. നേസൽ സ്പ്രേ നൽകാനായി ആരോഗ്യപ്രവർത്തരുടെ സഹായം വേണ്ടെന്നുള്ളതും മറ്റൊരു ഗുണമാണ്. കുത്തിവെയ്പ്പു മൂലമുണ്ടാകുന്ന മറ്റ് അസ്വസ്ഥതകളും ഒഴിവാക്കാം. കുട്ടികൾക്ക് അടക്കം സുരക്ഷിതമാണെന്നും നിർമ്മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെടുന്നു. വൻതോതിൽ വാക്സീൻ ഉൽപാദിപ്പിക്കാനുള്ള സംവിധാനം ഇന്ത്യയിൽ ലഭ്യമായതിനാൽ ലോകത്തിനു മുഴുവൻ വേണ്ടതും ഇവിടെ നിന്നു തന്നെ ഉൽപാദിപ്പിക്കാം.