മലപ്പുറം : മലപ്പുറത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. അവിടെവെച്ച് തന്നെയാണ് മരണം സംഭവിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.
മുഹമ്മദിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ 395 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 366 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.