കൊച്ചി: ബൈക്ക് മോഷ്ടിച്ച കേസിൽ ഒരു യുവാവ് കൂടി പിടിയിൽ. തൃശൂർ കാട്ടൂർ പടിയൂർ എടത്തിരിഞ്ഞി തെക്കേത്തലയ്ക്കൽ വീട്ടിൽ നിധിനെയാണ് ഞാറയ്ക്കൽ പോലീസ് കാട്ടൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് മുരിക്കുംപാടത്തു വെച്ച് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന യമഹ ഫാസിനോ സ്കൂട്ടർ മോഷ്ടിച്ച കേസിൽ, രണ്ടാം പ്രതിയാണ് പിടിയിലായ നിധിൻ. കേസിലെ മുഖ്യ പ്രതിയായ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ഫ്രീക്കൻ എന്നു വിളിക്കുന്ന വിഷ്ണുവിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണം പോയ സ്കൂട്ടർ ഇയാളുടെ പക്കൽ നിന്നാണ് പോലീസ് പിടിച്ചെടുത്തത്.
പുതുവൈപ്പ് തോട്ടകത്ത് ജോൺസണിന്റെ സ്കൂട്ടറാണ് പ്രതികൾ മോഷ്ടിച്ചത്. മാള, കാട്ടൂർ, ഇരിങ്ങാലക്കുട, ഞാറയ്ക്കൽ തുടങ്ങിയ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, മയക്കുമരുന്നു വിൽപന തുടങ്ങി 14 കേസുകൾ നിധിന്റെ പേരിലുണ്ട്. ഈ മാസം വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ കൈയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലും ഇരുവരും പ്രതികളാണ്. ഞാറയ്ക്കൽ പോലീസ് ഇൻസ്പെക്ടർ യേശുദാസ് എ എല്ലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.