കോഴഞ്ചേരി : ഉദ്ഘാടനം നടത്തി വർഷം ഒന്ന് കഴിയുമ്പോഴും മല്ലപ്പുഴശ്ശേരി ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഇതുവരെ മല്ലപ്പുഴശ്ശേരി പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ തെക്കേമലയ്ക്കും കാരംവേലിക്കും മദ്ധ്യേ തുണ്ടഴം ജംഗ്ഷനിലാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ടേക്ക് എ ബ്രേക്കിനായി കെട്ടിടം നിർമിച്ചത്. പമ്പാ ഇറിഗേഷൻ പദ്ധതി കനാലിന് സമീപം നിരവധി വാഹനങ്ങൾക്ക് പാർക്കിങ്ങിനുള്ള സൗകര്യം ഉണ്ടെന്നുള്ളതും പ്രധാനപാതയ്ക്ക് അരികിൽ എന്നതും ഇതിന് ഗുണകരമായിരുന്നു. എന്നാൽ ഇപ്പോഴും ഇത് പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
നിർമാണം പൂർത്തിയാക്കി വർഷം ഒന്ന് കഴിയുമ്പോഴും വെള്ളവും വെളിച്ചവും ഇല്ലാത്തതാണ് നിലവിലെ പ്രശ്‌നമെന്ന് പറയുന്നു. ജില്ലാ ആസ്ഥാനത്തേക്കും പ്രധാന പ്രദേശങ്ങളായ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലേക്കും ബസ് സർവീസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അരികിലാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം സ്ഥിതിചെയ്യുന്നത്. വാഹനയാത്രക്കാർക്കും മറ്റുള്ളവർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ശുചിമുറിയാണ് അടഞ്ഞുകിടക്കുന്നത്. ശബരിമല തീർഥാടകർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകമാകുന്നതായിരുന്നു പ്രവർത്തന സജ്ജമായാൽ ഈ കേന്ദ്രം എന്ന യാഥാർഥ്യം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു.