തിരുവനന്തപുരം : 301 ബെവ്കോ ഔട്ട്ലെറ്റുകള്, 576 ബാര്‍ ഹോട്ടലുകള്‍, 299 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴി മദ്യം വിതരണം ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ മദ്യവിതരണം ആരംഭിക്കുമെന്നും പൂര്‍ണമായും ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിച്ചാകും മദ്യവിതരണമെന്നും മന്ത്രി പറഞ്ഞു.
612 ബാര്‍ ഹോട്ടലുകളില്‍ 576 ബാര്‍ ഹോട്ടലുകളാണ് മദ്യം വില്ക്കാന് സമ്മതിച്ചിരിക്കുന്നത്. ബാര്‍ഹോട്ടലുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. 360 ബിയര്‍-വൈന്‍ ഷോപ്പുകളില്‍ 291 എണ്ണം വഴി വില്‍പ്പന നടക്കും. ഇവിടെ വിദേശമദ്യം വില്‍പ്പനയുണ്ടാകില്ല. ഒരിക്കല്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ നാലു ദിവസത്തേക്ക് ആ നമ്പറില്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് പത്തു വരെയാണ് ബുക്കിംഗ്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വില്‍പ്പന. ടോക്കണ്‍ ലഭിച്ചവര്‍ മാത്രമ കൗണ്ടറിന് അടുത്ത് വരാന്‍ പാടുള്ളു. മറ്റാരും അവിടെ വരാന്‍ പാടില്ല. ക്യൂവില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.