പത്തനംതിട്ട : നൂറുരൂപപോലും വിലയില്ലാത്ത ആക്രി ടി.വികള്‍ക്കും ഇപ്പോള്‍ വന്‍ ഡിമാന്റാണ്. മുന്നില്‍ വെച്ച് ഒരു പോട്ടം പിടിച്ചാല്‍ അത് പത്രക്കാര്‍ക്കും കൊടുക്കാം, സ്വന്തം ഫെയ്സ് ബുക്കിലും ഇടാം. കൂടാതെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പറപ്പിക്കാം. ജീവകാരുണ്യ പ്രവര്‍ത്തനം നാലാള്‍ അറിയുകയും ചെയ്യും.
5000 രൂപ മുതല്‍ വിപണിയില്‍ പുതിയ എല്‍.സി.ഡി ടി.വികള്‍ ലഭ്യമാണ്. ഒരുവര്‍ഷ വാറണ്ടിയും ഇതിനുണ്ടെന്നിരിക്കെയാണ് ആര്‍ക്കും വേണ്ടാത്ത ആക്രി ടി.വികള്‍ വീടുകളില്‍ നിന്നും ശേഖരിച്ച് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാനെന്ന പേരില്‍ കൊടുക്കുന്നത്. കൊടുക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇതിനുമുമ്പില്‍ നിന്ന് പടമെടുത്ത് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ …ലേശം ഉളുപ്പ് വേണ്ടേ ?.
മിക്ക വീടുകളിലും എടുത്തുകളയാന്‍ വെച്ചിരിക്കുന്ന ഈ ടി.വികള്‍ ഇപ്പോള്‍ അക്രിക്കാര്‍ക്കുപോലും വേണ്ട. എന്തോ വലിയ കാര്യം കുട്ടികള്‍ക്ക് ചെയ്തുകൊടുത്തു എന്ന് അഭിമാനിക്കുമ്പോഴും ഇത് എത്രദിവസം പ്രവര്‍ത്തിക്കുമെന്നുപോലും ഇവര്‍ക്കറിയില്ല. കൊടുത്തത് നാലാള്‍ അറിഞ്ഞെങ്കില്‍ കേടായത് ആരും അറിയില്ലല്ലോ. കോടികള്‍ മുടക്കി പള്ളി പണിയുന്നവരും ആര്‍ഭാടങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ലാത്തവരും ഇത്തരം കാര്യങ്ങള്‍ക്ക് പണം അളന്നുകുറിച്ചേ ചിലവാക്കൂ എന്നത് പകല്‍പോലെ വ്യക്തമാണ്.
കൊറോണ ആരംഭിച്ചപ്പോള്‍ മാസ്ക് ആയിരുന്നു താരം. 50 മാസ്കുമായി കളക്ടറേറ്റില്‍ എത്തി പി.ബി നൂഹിനെ ഏല്‍പ്പിക്കുക. കളക്ടറോടൊപ്പം നിന്ന് ഫോട്ടോ എടുക്കുക. പിന്നീട് സാനിട്ടൈസര്‍ ആയി, ഇപ്പോള്‍ ഓണ്‍ ലൈന്‍ പഠനത്തിന് സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ടി.വികള്‍ നല്‍കുകയാണ് എല്ലാവരും. ഒരു വിഭാഗം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തക്കും പ്രശസ്തിക്കും വേണ്ടി ചെയ്യുമ്പോള്‍ മറ്റു ചിലര്‍ നിശബ്ദമായി വലിയ കാര്യങ്ങള്‍ ചെയ്യുന്നു. ഇതൊന്നും വാര്‍ത്തയാക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ അറിയണം, എങ്കിലേ ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകൂ. അതിന് ഒരു ടിവി വാങ്ങിനല്‍കി അതിന് മാധ്യമ പ്രചാരം നേടുവാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. ഒരു വാര്‍ഡോ ഒരു സ്കൂളോ തെരഞ്ഞെടുത്ത് അവിടുത്തെ അപാകതകള്‍ പരിഹരിച്ചാല്‍ അതിന് പൂര്‍ണ്ണതയുണ്ട്.