പത്തനംതിട്ട : എല്ലാ കുട്ടികള്‍ക്കും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് പഠനം ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും പൊതു വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയ്ക്കകത്തും ഇതര ജില്ലകളില്‍ നിന്നും ജില്ലയില്‍ എത്തി പഠിക്കുന്ന കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കും.
അതാത് പഞ്ചായത്തുകളില്‍ പഠിക്കാനാവശ്യമായ സംവിധാനങ്ങളില്ലാത്ത കുട്ടികളുടെ ലിസ്റ്റ് എടുത്ത് സൗകര്യങ്ങള്‍ ഒരുക്കണം. സഹകരണ ബാങ്കിന്റെയും ജനപ്രതിനിധികളുടെയും സംഘടനകളുടെയും സഹകരണത്തോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഗ്രാമപഞ്ചായത്തുകളുടെയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെയും നേതൃത്വത്തില്‍ ഈ മാസം 8 ന് ബി.ആര്‍.സി യോഗം വിളിച്ച് അടിയന്തരമായി പ്രശ്‌ന പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍ദേശിച്ചു. സ്‌കൂള്‍ അധികൃതരേയും സഹായം ചെയ്യാന്‍ താല്‍പര്യമുള്ളവരെയും യോഗത്തില്‍ ഉള്‍പ്പെടുത്തണം. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
ലീലാ മോഹന്‍, റജി തോമസ്, എലിസബത്ത് അബു, സതി ദേവി, മോഹന്‍ രാജ് ജേക്കബ്, കെ.ജി അനിത, എസ്.വി സുബിന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി അനില്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.പി വേണുഗോപാല്‍, ബി.ഡി ഇന്‍ ചാര്‍ജ് രേണുക ഭായി, പൊതുവിദ്യാഭ്യാസം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.