തിരുവന്തപുരം : കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും. ശനിയാഴ്ച ഒന്നുമുതൽ പത്തുവരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും. ഞായറാഴ്ച ഭാഷാവിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്നതരത്തിൽ സംപ്രേഷണം ചെയ്യും.
തിങ്കളാഴ്ച ആരംഭിക്കുന്ന ആറുമുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഒരു പിരിയഡ് അധികം ഉണ്ടാവും. ഈ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ 10 വരെ പത്താം ക്ലാസും (നാലുക്ലാസുകൾ) 10 മണിക്ക് ഒന്നാംക്ലാസും 10.30ന് പ്രീപ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതൽ ഒരുമണിവരെ യഥാക്രമം രണ്ടുമുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്ക് യഥാക്രമം സംപ്രേഷണം ചെയ്യും. ഭാഷാവിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.
19 മുതൽ 23 വരെ ക്ലാസുകൾക്ക് അവധിയായിരിക്കും. പ്ലസ് വൺ പരീക്ഷയ്ക്കുമുമ്പ് കുട്ടികൾക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോൺഇൻ പരിപാടികൾ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കുക.