കുന്നത്തൂർ : ഓൺലൈൻ പഠനം തുടങ്ങിയതോടെ പoന സൗകര്യമില്ലാത്ത കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുക്കുകയാണ് പൊതുപ്രവർത്തകരും സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകരും ജീവനക്കാരുമൊക്കെ. ഓൺലൈൻ പoനം തുടങ്ങിയതോടെയാണ് ടി.വി പോലും ഇല്ലാത്ത നിരവധി കുടുംബങ്ങളെ കണ്ടെത്താൻ കഴിഞ്ഞത്. ഇവരുടെ പoനം മുടങ്ങരുതെന്ന കാഴ്ചപ്പട് ഉയർത്തിപ്പിടിച്ച് മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ചാണ് ഈ ദൗത്യം കേരളം ഏറ്റെടുത്തിരിക്കുന്നത്.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ മുഹമ്മദ് റാഫി കുഴുവേലിൽ തന്റെ വേതനത്തിൽ നിന്നും ഇരുപതോളം എൽ സി ഡി ടിവികളാണ് ഓൺലൈൻ പoന സൗകര്യമില്ലാത്ത കുട്ടികൾക്ക് നല്കിയത്. നാല് കേന്ദ്രങ്ങളിൽ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വീടുകൾ കേന്ദ്രീകരിച്ച് മിഴി ഗ്രന്ഥശാല ചക്കുവള്ളി പഠന സൗകര്യം ഒരുക്കിയിരുന്നു. അദ്ധ്യാപകരുടെ സഹായം കൂടി കുട്ടികൾക്ക് ലഭിക്കും എന്ന കാഴ്ചപാടിന്റെ ഭാഗമായിട്ടായിരുന്നു ഇത് . സ്വന്തമായി ഗ്രന്ഥശാലയ്ക്ക് ടിവിയും ഇല്ലായിരുന്നു. ഇതറിഞ്ഞ മുഹമ്മദ് റാഫി കുഴുവേലിൽ ഗ്രന്ഥശാല ഭാരവാഹികളെ വിളിക്കുകയും ഗ്രന്ഥശാലയിൽ തന്നെ പoന സൗകര്യം ഒരുക്കാൻ ടിവി നല്കാമെന്ന് അറിയിക്കുകയുമായിരുന്നു.
ഗ്രന്ഥശാലയിൽ വെച്ച് നടന്ന ചടങ്ങിൽ രാജ്യസഭാ അംഗം അഡ്വ.കെ .സോമപ്രസാദ് എം പി ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർക്ക് ടി.വി കൈമാറി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ, പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ്, ലത്തീഫ് പെരുംകുളം, അൻസർ സലീം, നിസാമുദ്ദീൻ, അർത്തിയിൽ അൻസാരി, മനു വി കുറുപ്പ്, വിനു കുമാർ പാലമൂട്ടിൽ, ദിവ്യശക്തികുമാർ, ബി. ബൈജു, അറഫാ ഷാനവാസ്, ജെ.ജോൺസൺ, എസ്. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.