മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2025-2026 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ ആരംഭിക്കും. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) അടിസ്ഥാനത്തിലാണ് ഈ വർഷത്തെ അഡ്മിഷൻ നടക്കുന്നത്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനായി നടക്കുക. ഒമ്പത് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20ാണ്. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കൾക്ക് അംഗീകൃത റസിഡന്റ് വിസ ആവശ്യമാണ്. സീറ്റ് ലഭ്യതക്കനുസരിച്ച് ഇന്ത്യക്കാരല്ലാത്തവരുടെ കുട്ടികൾക്കും അഡ്മിഷ്ൻ നൽകിയേക്കും.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. അഡ്മിഷൻ നടപടിക്രമങ്ങൾ, സീറ്റ് ഒഴിവുകളുടെ വിവരങ്ങൾ എന്നിവ പോർട്ടലിലൂടെ അറിയാൻ കഴിയും. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും താൽപര്യമനുസരിച്ചുള്ള സ്കൂളുകൾ തിരഞ്ഞെടുക്കാൻ സഹായിക്കും.