കോട്ടയം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്നതിന്റെ റെക്കോര്‍ഡ് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എല്‍ എയുമായ ഉമ്മന്‍ ചാണ്ടിക്ക്. എം എല്‍ എ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസം അതായത് 51 വര്‍ഷവും മൂന്നേകാല്‍ മാസവും പിന്നിടുകയാണ്. ഇതുവരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി. ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്.
കെ.എം മാണി പാലായെ മാത്രം പ്രതിനിധീകരിച്ചതു പോലെ ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി മണ്ഡലത്തെ മാത്രമാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1970ൽ തന്‍റെ 27ാം വയസിൽ ആദ്യ ജയം കുറിച്ച ഉമ്മൻ ചാണ്ടി പിന്നീട് തുടർച്ചയായ 11 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. രണ്ടു തവണ (2004-06 ,2011-16) മുഖ്യമന്ത്രിയായി. 2006-11ൽ പ്രതിപക്ഷ നേതാവുമായിരുന്നു. 4 തവണ മന്ത്രിയുമായി. ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണ് നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്.