കൊല്ലം: ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിക്കും ഓഫിസിനും പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഒന്നും ചെയ്യാതെ 60% വിഹിതം വാങ്ങുന്ന പ്രസാഡിയോ ആരുടേതാണെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ടെൻഡർ രേഖകളും രഹസ്യ കത്തുകളും പുറത്തുവിട്ടു.‘സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെന്നതു തെറ്റാണ്. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഴിമതി നടത്തിയതിനു മുൻ ട്രാൻസ്‌പോർട്ട് ജോയിന്റ് കമ്മിഷണർക്കെതിരായ അന്വേഷണമാണ് നടക്കുന്നത്. ക്യാമറ ഇടപാടിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിൽ വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയാതിരുന്നത് എന്തുകൊണ്ടാണ്? 10 പേജുള്ള മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിൽ വിജിലൻസ് അന്വേഷണത്തെക്കുറിച്ചു പറയുന്നില്ല.
അന്വേഷണം നടക്കുകയാണെങ്കിൽ മുഖ്യമന്ത്രി ആഘോഷപൂർവം ക്യാമറകൾ ഉദ്ഘാടനം ചെയ്തത് എന്തിനാണ്? നിയമവഴികൾ തേടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്നു ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും’– പ്രതിപക്ഷ നേതാവ് പറഞ്ഞു.ഇടപാടിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തേ, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്ത് നൽകി. 232 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതകളാണുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പദ്ധതി സംബന്ധിച്ച രേഖകൾ സർക്കാർ വെബ്സൈറ്റിലോ പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നതു ദുരൂഹത വർധിപ്പിക്കുന്നു. ടെൻഡറിൽ ആരൊക്കെ പങ്കെടുത്തു എന്നതോ ഏതു കമ്പനിയെയാണ് തിരഞ്ഞെടുത്തത് എന്നതോ മന്ത്രിസഭാ കുറിപ്പിൽ പോലും വ്യക്തമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.