തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും റിസേർച്ച് സെന്ററും ചേർന്ന് നടത്തുന്ന ക്യാൻ -കെയർ ക്യാൻസർ നിർണ്ണയ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കായി സ്വയം സ്തന പരിശോധന പരിശീലന കളരി ഒക്ടോബർ 22,29 തീയതികളിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ മാസം രാജ്യം സ്തന അർബുദ ബോധവൽക്കരണ മാസമായി മാറ്റി വെച്ചിരിക്കുന്നു.
പത്തനംതിട്ട ജില്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മറ്റു സാമൂഹിക സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത 72 പേർക്ക് പ്രത്യേക പരിശീലനം സ്തന പരിശോധനയിൽ നൽകുന്നു. വീ-ക്യാൻ എന്ന പേരിൽ നടത്തുന്ന ഈ പരിശീലന കളരി വഴി സ്വയം പരിശോധനയുടെ ആവശ്യം മറ്റു സ്ത്രീകളിൽ എത്തിക്കുവാൻ സാധിക്കും. ക്യാൻ -കെയർ പദ്ധതിയുടെ ഭാഗമായി 2020-2022 കാലയളവിൽ 9000 സ്ത്രീകളെ 100ൽ പരം ക്യാമ്പുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നടത്തി പരിശോധിച്ച് സൗജന്യമായി മമ്മോഗ്രാം ഉൾപ്പെടെ രോഗനിർണ്ണയം നടത്തുവാൻ സാധിച്ചു. ഇതിൽ 500ൽ പരം സ്ത്രീകളിൽ പ്രാരംഭഘട്ട രോഗസാധ്യതകൾ കണ്ടെത്തുവാനും അതുവഴി ചികിത്സനേടുവാനും സാധിച്ചു എന്ന് പ്രൊജക്റ്റ് ഹെഡ് റവ. ഡോ. മാത്യു മഴവഞ്ചേരിൽ പറഞ്ഞു.