സ്വീറ്റ് പൊട്ടറ്റോ എന്നുതന്നെയാണ് കക്ഷിയുടെ പേര്. പക്ഷേ വേവിച്ച് ഭക്ഷിക്കാനൊന്നും പറ്റില്ലെന്ന് മാത്രം. ഇത് ശരിക്കും വള്ളികളായി പടര്‍ന്ന് വളരുന്ന അലങ്കാരച്ചെടിയാണ്. നല്ല ആകര്‍ഷകമായി നിറമുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. ഫിലോഡെന്‍ഡ്രോണിനോടും സാമ്യമുള്ള ചെടി ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താറുണ്ട്. ഇപോമിയ ബറ്റാറ്റസ് എന്നാണ് ഈ അലങ്കാരച്ചടിയുടെ ശാസ്ത്രനാമം.
അലങ്കാരത്തിന് ഉപയോഗിക്കുന്ന ചെടിയില്‍ പലയിനങ്ങളുമുണ്ട്. ഇതില്‍ പ്രധാനമാണ് സ്വീറ്റ് കരോലിന പര്‍പ്പിള്‍, ബ്ലാക്കീ, മാര്‍ഗുരൈറ്റ്, ട്രൈകളര്‍ എന്നിവ. കടുത്ത പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളുള്ള സ്വീറ്റ് കരോലിന ചെറിയ പാത്രങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. കറുത്ത ഇലകളോട് കൂടിയതാണ് ബ്ലാക്കി എന്ന ഇനം. ഹൃദയത്തിന്റെ ആകൃതിയില്‍ പച്ചനിറത്തിലുള്ള ഇലകളാണ് മാര്‍ഗുരൈറ്റ് എന്നിയിനത്തിന്. പച്ചയുടെയും പിങ്കിന്റെയും വെള്ളയുടെയും കലര്‍പ്പുള്ള ഇനമാണ് ട്രൈക്കളര്‍.
ഈ വള്ളിച്ചെടി വളര്‍ത്തുന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. വളരെ എളുപ്പത്തില്‍ തണ്ടുമുറിച്ചുനട്ടും ചെറിയ ഭൂകാണ്ഡത്തില്‍ നിന്നും വളര്‍ത്തിയെടുക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ വെച്ച ശേഷമാണ് കിഴങ്ങില്‍ നിന്നും വളര്‍ത്തിയെടുക്കുന്നത്. തണ്ടുമുറിച്ചാലും വെള്ളത്തില്‍ വെച്ചാല്‍ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിക്കും. വളരെ സൂര്യപ്രകാശമുള്ള സാഹചര്യത്തില്‍ നന്നായി വളരുന്ന ചെടിയാണിത്. വീട്ടുമുറ്റത്തായാലും പാത്രത്തിലായാലും വെള്ളം കെട്ടിനില്‍ക്കരുത്. മറ്റേതൊരു പടര്‍ന്നു വളരുന്ന ചെടിയെയും പോലെത്തന്നെയാണ് ഇതിന്റെയും പരിചരണം.