തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വക ഈന്തപ്പഴം ലഭിച്ച അനാഥാലയങ്ങള്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും സാമൂഹിക നീതി വകുപ്പിന്റെ നോട്ടീസ്. ഈന്തപ്പഴം കൈപ്പറ്റിയതിന്റെ രസീത് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളില്‍ 2017ലാണ് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി യുഎഇ കോണ്‍സുലേറ്റ് ആരംഭിച്ചത്. ഇതിന് പിന്നാലെ 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്ര മാര്‍ഗത്തിലൂടെ നികുതി ഒഴിവാക്കി യുഎഇയില്‍ നിന്ന് എത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഇങ്ങനെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളില്‍ എത്തിയിട്ടുണ്ടോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് അന്വേഷണ സംഘം സാമൂഹിക നീതി വകുപ്പിനോട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.