കോട്ടയം : ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി തോമസിന്റെ ശുപാർശകൾ ഓർത്തഡോക്സ് സഭയ്ക്ക് ദോഷകരമെന്ന് പ്രമേയം. പ്രമേയം ഓർത്തഡോക്സ് പള്ളികളിൽ വായിച്ചു. കമ്മീഷൻ ശുപാർശ നിയമപരമായി നിലനിൽക്കില്ല. രാജ്യത്തിന്റെ സംവിധാനത്തിന് വിരുദ്ധമാണ് കമ്മീഷന്റെ നിലപാടുകൾ. യാക്കോബായ വിഭാഗത്തിന്റെ ചടങ്ങുകളിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് കെ.ടി തോമസിന്റെ ശുപാർശയിൽ ഉള്ളത്. പരിഗണനയ്ക്ക് പോലും എടുക്കാതെ ശുപാർശ തള്ളിക്കളയണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെടുന്നു. പ്രമേയം പള്ളികൾ മുഖ്യമന്ത്രിക്ക് അയക്കും.
തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്നും ഭൂരിപക്ഷം കിട്ടുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണമെന്നും ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇത് ജസ്റ്റിസ് കെ.ടി തോമസിന്‍റെ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്ന നിലപാടെന്നാണ് ഇന്ന് ഓർത്തഡോക്സ് പള്ളികളിൽ വായിച്ച പ്രമേയം പറയുന്നത്. കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു. സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ്