കൊച്ചി: വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന 2018 എന്ന സിനിമയ്ക്കുവേണ്ടി തന്‍റേതുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശന സമയങ്ങള്‍ തിയറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന് സംവിധായകന്‍ അനീഷ് ഉപാസന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ് 12 ന് റിലീസ് ചെയ്യപ്പെട്ട ജാനകി ജാനേയാണ് അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ എത്തിയ സിനിമ. മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ലെന്നും സിനിമയുടെ വിജയത്തിന് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 2018 സിനിമയുടെ അണിയറക്കാരെയും അന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തിയറ്റർ ഉടമകൾക്കുമായി തുറന്നക്കത്താണ് അനീഷ് ഉപാസന എഴുതിയിരിക്കുന്നത്.
എന്നാല്‍ ഈ കത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് 2018 സംവിധായകന്‍ ജൂഡ് ആന്‍റണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജൂഡ് മറുപടി നല്‍കിയത്. എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം എന്നാണ് ജൂഡ് മറുപടിയില്‍ പറയുന്നത്.
ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം.





























