ഡല്‍ഹി : കൊവിഡ് ഭീതിയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ 125 ഓളം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. യാത്രയെ കുറിച്ച് യാതൊരുവിധ വിശദീകരണവും ലഭിക്കാതെ ഇവര്‍ വിമാനത്താവളത്തില്‍ 48 മണിക്കൂറായി കുടുങ്ങിക്കിടക്കുകയാണ്.
ഭക്ഷണം പോലും ലഭിക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വലയുകയാണ്. മറ്റെവിടേക്കെങ്കിലും പോകണമെങ്കില്‍ അതിനുള്ള പണം പോലും കൈയിലില്ലെന്നും യാത്രക്കാര്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് ബോര്‍ഡിങ് പാസുകള്‍ എടുത്തവരും നാട്ടിലേക്ക് തിരിക്കാനാവാതെ വിമാനത്താവളത്തില്‍ തുടരുകയാണ്.
പുതുതായി ബോര്‍ഡിങ് പാസുകള്‍ക്കായി സമീപിക്കുമ്പോള്‍ ഇന്ത്യയിലേക്ക് പോവാന്‍ സാധിക്കില്ലെന്ന മറുപടിയാണ് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്നത്. ഭക്ഷണം വാങ്ങാന്‍ പോലും പലരുടെ കൈയിലും പണമില്ല. ചിലര്‍ ഭക്ഷണം വാങ്ങി മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. മടക്കയാത്രയെ കുറിച്ച് എയര്‍ ഏഷ്യയില്‍ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ഉടന്‍ ചെയ്യണമെന്നും കുടുങ്ങി കിടക്കുന്നവര്‍ പറയുന്നു.
വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിരുന്നു.