മലപ്പുറം: കണ്ണൂര്‍-തൃശ്ശൂര്‍ റൂട്ടിലൂടെ യാത്രക്കാരുടെ ജീവന്‍ പണയം വെച്ച് മരണപാച്ചില്‍ നടത്തിയ സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചു. ദുരന്തങ്ങളില്‍നിന്നു പാഠം പഠിക്കാതെ പാഞ്ഞ ബസിന് പോലീസ് കനത്ത പിഴയും ചുമത്തി. കണ്ണൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസാണ് കെഎസ്‌ആര്‍ടിസിയുമായി മത്സരയോട്ടം നടത്തി അമിത വേഗതയിലെത്തിയത്. വൈകിട്ട് 6.15ന് ആണ് സംഭവം.
ബസിന്റെ അമിതവേഗം കണ്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങള്‍ സൂചിപ്പിച്ച് യാത്രക്കാര്‍ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ചെവിക്കൊണ്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. കൂരിയാട് വച്ച് ടിപ്പറുമായുള്ള കൂട്ടിയിടി ഭാഗ്യം കൊണ്ടാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു. കക്കാട് വച്ച് ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മഹേഷിനെ (20) ഇടിച്ചുതെറിപ്പിച്ചെങ്കിലും വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടമുണ്ടായതോടെ നാട്ടുകാര്‍ ബസ് തടഞ്ഞു പോലീസിനെ അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ എഎസ്‌ഐ പി രഞ്ജിത്, എം അമര്‍നാഥ് എന്നിവര്‍ പിഴ ഈടാക്കുകയും ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.