ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയതായുള്ള ബിജെപിയുടെ അവകാശത്തെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് തിരുത്തി. ഏപ്രില്‍ 10ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിന്റെ സര്‍വേ ഫലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക്‌സ് പുറത്തുവിട്ടു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി അവകാശപ്പെട്ടിരുന്നു.
കൊറോണക്കെതിരെ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. മറ്റേതൊരു സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തേക്കാള്‍ മികച്ചതാണെന്ന് കാണിക്കുന്നതായിരുന്നു സര്‍വേയില്‍ ലഭിച്ച ഫുള്‍ സ്‌കോര്‍ എന്നും ട്വീറ്റില്‍ ബിജെപി അവകാശപ്പെട്ടിരുന്നു.
ബിജെപിയുടെ ഈ അവകാശവാദത്തിനെതിരെ ബ്ലാവത്‌നിക്ക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് തിങ്കളാഴ്ച ട്വിറ്ററില്‍ മറുപടിയുമായി രംഗത്തെത്തി. മഹാമാരിക്കെതിരെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ എണ്ണവും അതിന്റെ കാര്‍ക്കശ്യവും മാത്രമാണ് തങ്ങള്‍ പുറത്തുവിട്ട സൂചിക വ്യക്തമാക്കുന്നതെന്ന് ട്വീറ്റില്‍ പറഞ്ഞു. കൊറോണക്കെതിരെ ഒരു രാജ്യം സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി ഇത് സൂചിപ്പിക്കുന്നില്ലെന്നും മാര്‍ക്ക് നല്‍കുന്നതില്‍ ഇവ പരിഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയുടെ ട്വീറ്റിന് മറുപടിയായായിരുന്നു യൂണിവേഴ്‌സിറ്റി ഇക്കാര്യം ട്വീറ്റ് ചെയ്തത്.