ഡല്‍ഹി : കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയ്ക്കിടെ രാജ്യത്തെ ദരിദ്രരുടെ ഉപജീവന മാര്‍ഗത്തെക്കുറിച്ചും ചിന്തിക്കണമെന്ന് പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പി. ചിദംബരം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫ്രന്‍സിനു മുന്‍പാണ് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, അശോക് ഗെഹ്ലോട്ട്, ഉദ്ദവ് താക്കറെ, എന്‍ നാരായണ സ്വാമി, ഭൂപേന്ദ്ര സിംഗ് ഭാഘേല്‍, ഇ. പളനിസ്വാമി എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ചിദംബരം ഇക്കാര്യം ട്വീറ്റ് ചെയ്തത്. കൊറോണ വൈറസ് ഭീതിയ്‌ക്കെതിരെ രാജ്യം പോരാടുമ്പോള്‍ ദരിദ്രര്‍ക്കു വേണ്ടിയും സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണില്‍ ആയപ്പോള്‍ പാവപ്പെട്ടവരുടെ ഉപജീവന മാര്‍ഗ്ഗമാണ് നിലച്ചത്. അവരുടെ ജോലി നഷ്ടപ്പെടുകയും സമ്പാദ്യം മുഴുവന്‍ തീരുകയും ചെയ്തു. അവര്‍ ഇപ്പോള്‍ സൗജന്യ ഭക്ഷണത്തിനായി നിരയില്‍ നില്‍ക്കുകയാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പറഞ്ഞു.
“കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ ദരിദ്രര്‍ക്ക് ജോലി നഷ്ടപ്പെട്ടു. അവരുടെ തുച്ഛമായ സമ്പാദ്യം തീര്‍ന്നു. പലരും ഭക്ഷണത്തിനായി വരിയില്‍ നില്‍ക്കുന്നു. അവര്‍ക്ക് വിശന്ന് കഴിയുന്നത് കാണാന്‍ സംസ്ഥാനത്തിന് കഴിയുമോ? ചിദംബരം ചോദിച്ചു. എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും പണം ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെടണം. ‘ദരിദ്രരെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യുക ‘ ഏകകണ്ഠമായ ആവശ്യമായിരിക്കണം, ചിദംബരം ട്വീറ്റിലൂടെ ഓര്‍മ്മപ്പെടുത്തി.