കോന്നി : നിർമ്മാണം പൂർത്തിയാകാത്ത കലഞ്ഞൂർ പാടം റോഡ് നാട്ടുകാർ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു.ഡിസംബർ മുപ്പത്തി ഒന്നിന് നിർമ്മാണം പൂർത്തിയാകുമെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാക്ക് പാഴായതിനെ തുടർന്നാണ് നാട്ടുകാർ റോഡ് പ്രതീകാത്മകമായി ഉത്‌ഘാടനം നടത്തിയത്.പാടം ജംഗ്ഷനിൽ മന്ത്രി, എം എൽ എ,ജില്ലാ കളക്ടർ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ പേരുകൾ എഴുതിയ ബോർഡുകൾ കഴുത്തിൽ തൂക്കിയാണ് നാട്ടുകാർ ഉത്ഘടനത്തിന് എത്തിയത്.
റോഡ് നിർമ്മാണം വൈകിപ്പിച്ച കരാറുകാരന് എതിരെ നടപടി എടുത്തെങ്കിലും വീണ്ടും റീട്ടെൻഡർ ചെയ്ത് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിടുമെന്നും നാട്ടുകാർ ആരോപിച്ചു.അടിയന്തിരമായി റോഡ് നിർമാണം പൂർത്തീകരിക്കുന്നതിനുള്ള നടപടിയാണ് ചെയ്യേണ്ടത് എന്നും നാട്ടുകാർ പറയുന്നു.12.5 കിലോമീറ്റർ റോഡ് ആണ് അൻപത്തിനാല് മാസമായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തത്.2018 ൽ ആരംഭിച്ച റോഡ് നിർമ്മാണത്തിൽ പൊതുമരാമത്ത് വകുപ്പും വലിയ അനാസ്ഥകാട്ടിയതായി ആരോപണം ഉയരുന്നു.
റോഡ് നിർമ്മാണത്തിന്റെ അപാകതകൾ നാട്ടുകാർ അധികാരികളെ ധരിപ്പിച്ചു എങ്കിലും ഇവർ ഇത് ഗൗനിച്ചില്ല.മാസങ്ങളായി റോഡിന്റെ അതിര് കെട്ടുന്ന ജോലികൾ മാത്രമാണ് കരാറുകാരൻ ചെയ്തുകൊണ്ടിരുന്നത്.ഇതിൽ പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ ഒടുവിൽ മന്ത്രി തന്നെ സ്ഥലം സന്ദർശിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.മന്ത്രി സ്ഥലത്ത് എത്തി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ നിർദേശം നൽകുകയും റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തുവാൻ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപെടുത്തുകയും ചെയ്തു.ഇതിന് രണ്ടാഴ്ചകൾക്ക് ശേഷം കാരാറുകാരൻ നിർമ്മാണ സാമഗ്രിഹികൾ ഇവിടെ നിന്നും മാറ്റുകയും ചെയ്തു.ഇതിന് ശേഷമാണ് കരാറുകാരന് എതിരെ റിസ്ക്ക് കോസ്റ്റ് അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.