തിരുവനന്തപുരം : സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തിൽ 471 ഇടവും വനിതകൾ നയിക്കും. 46 ഇടത്ത് പട്ടികജാതിയിലെയും എട്ടിടത്ത് പട്ടികവർഗത്തിലെയും വനിതകൾക്കായാണ് പ്രസിഡന്റു പദം സംവരണം ചെയ്തിരിക്കുന്നത്. ബാക്കി 470 പഞ്ചായത്തിൽ 46 ഇടത്ത് പട്ടികജാതിക്കും എട്ടിടത്ത് പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം. മൂന്ന് കോർപറേഷനിലും ഏഴ് ജില്ലാ പഞ്ചായത്തിലും വനിതകൾ അധ്യക്ഷ പദവി അലങ്കരിക്കും. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിലാണ് വനിതാ മേയർമാർ. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ ജനറലിനാണ് മേയർ പദവി. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലാ പഞ്ചായത്തിലാണ് വനിതാ പ്രസിഡന്റുമാർ.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്.
87 മുനിസിപ്പാലിറ്റികളിൽ 44 ഇടത്ത് ചെയർപേഴ്‌സൺ മാരാണ്. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും ( അതിൽ മൂന്നെണ്ണം പട്ടികജാതി വിഭാഗം സ്ത്രീകൾക്ക്), ഒരെണ്ണം പട്ടികവർഗത്തിനും സംവരണം ചെയ്തു. 152 ബ്ലോക്ക്പഞ്ചായത്തിൽ 77എണ്ണം സ്ത്രീകളാകും നയിക്കുക. ഇതിൽ എട്ടിടത്ത് പട്ടികജാതി വിഭാഗം സ്‌ത്രീകൾക്കും രണ്ടണ്ണം പട്ടികവർഗ സ്ത്രീകൾക്കുമാണ്. ശേഷിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ ഏഴെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് അധ്യക്ഷ പദവി. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.