ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം യുഎൻ സുരക്ഷാ കൗൺസിലിൽ ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി. അതിർത്തിയിൽ ഇന്ത്യ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന പാകിസ്താന്റെ വാദം യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും തള്ളുകയായിരുന്നു. പഹൽഗാം ഭീകരാക്രമണം മറയാക്കി കശ്മീർ വിഷയം വീണ്ടും അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്താന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാനായിരുന്നു പാകിസ്താൻ പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദിന്റെ ശ്രമം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാകിസ്താൻ ആരോപിച്ചു.
പാകിസ്താൻ ഉന്നയിച്ച അവകാശ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ പാകിസ്താന്റെ കൈകഴുകുന്ന നിലപാടിനെ വിമർശിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ നടത്തിയ മിസൈൽ പരീക്ഷണം ആശങ്ക സൃഷ്ടിച്ചെന്നും അംഗങ്ങൾ വിലയിരുത്തി. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകൾക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്ന സംശയമുയർത്തിയ കൗൺസിൽ ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന നിർദേശവും മുന്നോട്ട് വെച്ചു. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് യുഎൻ ജനറൽ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു