ഇസ്തംബൂൾ : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ തുർക്കിയിലെ ഇസ്താംബൂളിലെത്തി. സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാനും മക്കാ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഇതിന് കീഴിൽ നടക്കുന്ന ആദ്യ സമിതി യോഗത്തിനായാണ് അസിം മുനീർ എത്തിയത്. ഒപ്പം പാക് വിദേശ, പ്രതിരോധ മന്ത്രിമാരും സൗദി അറേബ്യയുടെ പ്രതിനിധികളും ഇസ്താംബൂളിലെത്തിയിട്ടുണ്ട്. മക്കാ കരാറിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ കാര്യങ്ങളാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. തിങ്കളാഴ്ച നടക്കുന്ന യോഗത്തോടെ പശ്ചിമേഷ്യയിലും തെക്കൻ ഏഷ്യയിലും സൈനികമായി വലിയ പ്രാധാന്യം തങ്ങൾക്ക് ലഭിക്കും എന്ന പ്രതീക്ഷയിലാണ് പാകിസ്താൻ. മൂന്ന് രാജ്യങ്ങളുടേയും രാഷ്ട്രീയ-സൈനിക നേതൃത്വമാണ് യോഗത്തിൽ പങ്കെടുക്കുക.
നാറ്റോയ്ക്ക് സമാനമായ സൈനിക സഖ്യമാണ് മക്കാ കരാറിലൂടെ പാകിസ്ഥാനും സൗദിയും തുർക്കിയും രൂപവത്കരിച്ചത്. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ അത് മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കാണുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. തുർക്കിയുടെ പ്രതിരോധ സാങ്കേതികവിദ്യയും സൗദിയുടെ സാമ്പത്തികശക്തിയും പാകിസ്ഥാന്റെ സൈനികശക്തിയും സംയോജിപ്പിക്കുക എന്നതും കരാറിന്റെ ലക്ഷ്യമാണ്. തുർക്കിയിൽ നിന്ന് സൈനിക സാങ്കേതികവിദ്യകളും സൗദിയിൽ നിന്ന് സുസ്ഥിരമായ ധനസഹായവും നേടാൻ കരാറിലൂടെ കഴിയുമെന്നാണ് പാകിസ്ഥാൻ കരുതുന്നത്.































