ന്യൂയോർക്ക് : പ്രവാസി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശിനിയായ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിനി അനില(32)യെ പോലീസ് കസ്റ്റഡിയിലെടുത്തതായി കാലിഫോർണിയ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലെ മിൽപിറ്റാസ് മേഖലയിലാണ് സംഭവം നടന്നത്. മിൽപിറ്റാസിലെ മിൽ ക്രീക് അപ്പാർട്ട്‌മെന്റ് വളപ്പിൽ അഞ്ജനയെ വിളിച്ചുവരുത്തിയ ശേഷം അനില തന്റെ ബ്ലൂ എസ്.യു.വി. കാർ ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ജന സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടു.
അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭർത്താവ് ജേക്കബ് ഫ്‌ളാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റ് ചോരവാർന്ന് ആൻ മരിച്ചുകിടക്കുന്നത് കാണുന്നത്. ആദ്യം ആനിനെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് കാറിടിപ്പിച്ചതാകാം എന്ന വിവരമാണ് അഞ്ജനയുടെ ബന്ധുക്കൾക്കു ലഭിച്ചത്. മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നും ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിന് പിന്നിലെ പ്രേരണ എന്താണെന്നോ മൂന്ന് പേരും തമ്മിലുള്ള ബന്ധം കൊലപാതകത്തിലേക്ക് എങ്ങനെ നയിച്ചുവെന്നോ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിലങ്ങന്നൂർ സ്വദേശിയായ വിജീഷാണ് കൊല്ലപ്പെട്ട അഞ്ജനയുടെ ഭർത്താവ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിജീഷും അധ്യാപികയായ അഞ്ജനയും എട്ടുവർഷമായി യു.എസിലാണ് താമസം. വാമിക (6) ഏക മകളാണ്. കൊല്ലപ്പെട്ട ആൻ മേരി മാത്യു കോട്ടയം ചിങ്ങവനം പള്ളത്ര സ്വദേശി ജേക്കബിന്റെ ഭാര്യയാണ്. കേസിൽ യു.എസ്. പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























