ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിക്ക് കൈമാറി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ചാൻസലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരാർ. തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിൽ 2026 ഓഗസ്റ്റ് 17-ന് ആണ് ചാൻസലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ കരാർ ഒപ്പ് വച്ചത്.
ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടറിയേറ്റിലെ ഡെപ്യുട്ടി സെക്രട്ടറി അശ്വതി പിയും, സർക്കാർ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ എസ്സും തമ്മിലാണ് ഒത്തുതീർപ്പ് കരാറിൽ ഒപ്പ് വച്ചത്. കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകൾ ഇവയാണ്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ. സിസ തോമസിന്റെയും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ. സജി ഗോപിനാഥിന്റെയും നിയമനം തുടരും. സർവകലാശാലാ നിയമങ്ങളിൽ യുജിസി (UGC) ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. കേസിൽ ഉന്നയിച്ച നിയമപരമായ പ്രശ്‌നങ്ങളും വാദങ്ങളും തുടരുമെന്ന വ്യവസ്ഥയും കരാറിൽ ഉണ്ട്.































