ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ബലൂചിസ്ഥാനിലെ ഖനന പദ്ധതിയിൽ നിന്ന് അവർ പിന്മാറിയെന്നും വെളിപ്പെടുത്തി ജാമിയത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) നേതാവ് മൗലാനാ ഫസലുർ റഹ്മാൻ. ബലൂചിസ്ഥാനിലെ വലിയ ഖനന പദ്ധതികളായ റെക്കോ ഡിക്, സൈൻഡക് എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, ഖനനം ചെയ്തെടുക്കുന്ന ധാതുക്കൾ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ആർക്കുമറിയില്ലെന്ന് ഫസലുർ റഹ്മാൻ പറഞ്ഞു. ഈ ഖനികൾകൊണ്ട് പാകിസ്ഥാന് ഇതുവരെ ഒരു പ്രയോജനവും കിട്ടിയിട്ടില്ലെന്നും റഹ്മാൻ ആരോപിച്ചു.
പാകിസ്ഥാനി ഭരണകൂടം ഇപ്പോഴും ബ്രിട്ടീഷ് ഭരണകൂട മനോഭാവമാണ് കാട്ടുന്നത്. പാകിസ്ഥാനിലെ രണ്ട് പ്രവിശ്യകൾ പ്രക്ഷോഭത്തീയിൽ എരിയുകയാണ്. ഗ്രാമങ്ങളിൽ ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റുന്നില്ല. ജോലി ചെയ്യാൻ പറ്റുന്നില്ല. കുട്ടികളെ സ്കൂളിൽ വിടാനാവുന്നില്ല – റഹ്മാൻ ആരോപിച്ചു. ചൈനക്കാരായ ഉദ്യോഗസ്ഥരും തൊഴിലാളികളും പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി നേരിടുന്നുണ്ട്. ഐഎംഎഫിൽ നിന്നും ലോകബാങ്കിൽ നിന്നുമൊക്കെ കടമെടുത്ത് കൂട്ടിയത് പാകിസ്ഥാന് തിരിച്ചടിയായി. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പോലും ഈ രാജ്യാന്തര സ്ഥാപനങ്ങൾ ഇപ്പോൾ പാകിസ്ഥാനെ അനുവദിക്കുന്നില്ല.
പാകിസ്ഥാനിലെ പ്രശ്നങ്ങൾക്ക് ഇപ്പോഴത്തെ പ്രവിശ്യാ സംവിധാനമാണ് പ്രശ്നമെന്ന് സർക്കാർ കരുതുന്നു. പുതിയ പ്രവിശ്യകൾ രൂപീകരിച്ച് പ്രശ്നം തീർക്കാനാണ് നീക്കം. അതൊരു നല്ല ഉപായമാണെന്ന് തോന്നുന്നില്ലെന്ന് ഫസലുർ റഹ്മാൻ പറഞ്ഞു.































