കോട്ടയം : നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പേരില്‍ പാലാ ബിഷപ്പ് ഹൗസിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കില്ലെന്ന് സമുദായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞതോടെ മാര്‍ച്ച് നടത്തിയവര്‍ സംശയ നിഴലിലില്‍. മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പാലായില്‍ കഴിഞ്ഞയാഴ്ച മാര്‍ച്ച് നടത്തിയത്. ആ പ്രതിഷേധ മാര്‍ച്ചിനെയാണ് ഇന്നു പാലാ ഡി.വൈ.എസ്.പി വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ സമുദായ സംഘടനകളുടെ നേതാക്കള്‍ തള്ളിപ്പറഞ്ഞത്.
ഇതോടെ ബിഷപ്പിന്റെ പ്രസ്താവന വര്‍ഗീയ മുതലെടുപ്പിനായി ഉപയോഗിച്ച ചില തീവ്രസംഘടനകള്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. മത-സാമുദായിക അന്തരീക്ഷം തകര്‍ക്കുന്ന ഒരു നടപടിയേയും പ്രോത്സാഹിപ്പിക്കില്ലെന്ന് എല്ലാ സമുദായ നേതാക്കളും തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ ഇത്രയധികം പേരെ പാലായില്‍ സംഘടിപ്പിച്ച് ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയതാരെന്ന ചോദ്യം പ്രസക്തമാകുന്നത്. ചില തീവ്രസംഘടനകളുടെ പ്രതിനിധികളുടെ നേതൃത്വത്തിലാണ് ഇതിനായി ആളെ കൂട്ടിയതെന്നാണ് സൂചന. ഇവരെ മുസ്ലീം സമുദായ നേതാക്കള്‍ തന്നെ തള്ളി പറയുകയും ചെയ്തു.
ബിഷപ്പിന്റെ പ്രസ്താവനയെ വിവിധ രീതിയിലുള്ള മുതലെടുപ്പിനായി ഉപയോഗിച്ചവരുടെ ലക്ഷ്യങ്ങളും ഇതോടെ പുറത്തുവരികയാണ്. സമുദായത്തിനിടയില്‍ വൈകാരിക ചലനമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കവും ഇതോടെ പൊളിയുകയാണ്. ബിഷപ്പിന്റെ പ്രസ്താവന സൃഷ്ടിച്ച വിവാദങ്ങളും ഇതോടെ അവസാനിക്കും.
അതിനിടെ വിഷയം രാഷ്ട്രീയമായി ആളിക്കത്തിക്കാനുള്ള ബി.ജെ.പി നീക്കവും പൊളിഞ്ഞു. ഈ വിഷയം സജീവമാക്കി നിലനിര്‍ത്തിയാല്‍ ഇതിന്റെ രാഷ്ട്രീയ നേട്ടം അനുകൂലമാക്കാമെന്നായിരുന്നു ബി.ജെ.പി ചിന്തിച്ചത്. ദേശീയ-സംസ്ഥാന നേതാക്കളുടെ പ്രതികരണവും ഈ മട്ടിലായിരുന്നു. ഇതിനു തിരിച്ചടിയയാകുകയാണ് ഇന്നത്തെ സമാധാന യോഗം. എന്തായാലും വിവാദം ഏതാണ്ട് അവസാനിച്ച മട്ടാണ്.