പാലാ: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീർനായ് കടിച്ചത്. സ്ത്രികളുടെ കടവിൽ കുളിക്കാൻ എത്തിയ സ്ത്രീ നീർനായ ചീറിയടുക്കുന്നതുകണ്ട് ഓടിരക്ഷപെട്ടു.
കടപ്പാട്ടൂർ മൂലയിൽ രാധാകൃഷ്ണൻ നായർ (55), ക്ഷേത്രപരിസരത്തെ വ്യാപാരി എന്നിവർക്കാണ് നീർനായയുടെ കടിയേറ്റത്. രാധാകൃഷ്ണൻ നായർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ശബരിമല തീർഥാടനത്തിന് എത്തിയ രണ്ട് തീർഥാടകർ കഴിഞ്ഞ ആഴ്ച കടപ്പാട്ടൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നീർനായയുടെ കടിയേറ്റത്.
നീർനായ് ശല്യം തടയാൻ നടപടി സ്വീകരിക്കേണ്ടത് വനം വകുപ്പ് അധികൃതരാണ്. എന്നാൽ സംഭവം സംബന്ധിച്ച് ക്ഷേത്രം അധികൃതരോ പോലീസോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം മീനച്ചിലാറ്റിൽ കിടങ്ങൂരിലും നീർനായ് ആക്രമണം ഉണ്ടായിരുന്നു. വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന നീര്‍നായ വെള്ളത്തിനടിയില്‍ 15 മുതല്‍ 20 മണിക്കൂര്‍ വരെ ശ്വാസം പിടിച്ച് കഴിയും. കൂടാതെ വെള്ളത്തിലൂടെ അതിവേഗത്തില്‍ നീന്താന്‍ കഴിയുന്ന ഇവയെ തുരത്താന്‍ കഴിയാത്ത അവസ്ഥയാണ്. കൂട്ടമായി കഴിയുന്ന ഇവയുടെ പ്രധാന ആഹാരം മത്സ്യങ്ങളാണ്. മത്സ്യ ലഭ്യത കുറഞ്ഞാല്‍ കരയില്‍ കയറി കോഴികളെയും മറ്റും പിടിച്ചു തിന്നുകയാണ് പതിവ്. കൂടാതെ ഉള്‍നാടന്‍ മത്സ്യ ബന്ധന തൊഴിലാളികളുടെ വലകളും ഇവ നശിപ്പുക പതിവായിട്ടുണ്ട്.
നദികളിലേക്ക് ചാഞ്ഞു നില്ക്കുന്ന പരുത്തികളും മുളങ്കാടുകളുമാണ് ഇവയുടെ ആവാസ കേന്ദ്രം. നായയുടെ രൂപത്തിലുള്ള ഇവയ്ക്ക് ഇരുട്ട് തവിട്ട് നിറമാണുള്ളത്. കൂര്‍ത്ത് മൂര്‍ച്ചയേറിയ വളഞ്ഞ പല്ലുകള്‍ ഉള്ളതിനാല്‍ ഇവയെ പിടികൂടാനോ നിര്‍മ്മാര്‍ജ്ജനം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. പഴയ കാലങ്ങളില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം കണ്ടു വന്ന നീര്‍നായ ഇപ്പോള്‍ നദികളില്‍ എല്ലായിടത്തും ഇതിന്റെ സാന്നിധ്യമുണ്ട്. കടിയേല്‍ക്കുന്നവര്‍ക്ക് പേ വിഷബാധക്കെതിരെയുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഈ മരുന്നുകള്‍ പലപ്പോഴും താലൂക്ക് ആശുപത്രികളിലോ ഹെല്‍ത്ത് സെന്ററുകളിലോ ലഭ്യമല്ലാത്തതിനാല്‍ കടിയേറ്റവര്‍ മിക്കവാറും കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടുന്നത്. ഇവയുടെ ആവാസം മൂലം നദികളിലെ മത്സ്യ സമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ട്.